Special News
രാജൻ ഒരു അവസാനമല്ല ഓർമപ്പെടുത്തലാണ്, ഇവിടെ സിസ്റ്റം ഇങ്ങനെയൊക്കെയാണ് എന്ന്. ഓർമപ്പെടുത്തൽ. അധികാരവും അഹന്തയും ഒരു ഭാഗത്തു തിളച്ചു മറിയുമ്പോൾ സാധാരണക്കാരൻ നീതി തേടി കോടതി മുറികൾ കയറി ഇറങ്ങുന്ന അവസ്ഥ.
ചോദ്യം ചോദിക്കുന്നവനെ നിശബ്ദരാക്കുന്ന സിസ്റ്റം. പക്ഷേ ഈ സിസ്റ്റത്തിനെതിരേ പോരാടിയ ഒരച്ഛനുണ്ട്. ആ അച്ഛന് നഷ്ടപ്പെട്ട മകനുണ്ട്.. കാലമെത്ര കഴിഞ്ഞാലും കേരളത്തിന്റെ മനുഷ്യത്വം നഷ്ടപ്പെടാത്ത മനസുകളിൽ തീരാ നോവാണ് രാജനും അച്ഛൻ ഈച്ചര വാര്യരും.
കേരളം പോലീസ് കസ്റ്റഡി മർദനങ്ങളുടെ പുതിയ കഥകൾ കേട്ടുണരുമ്പോൾ കേരളത്തിന്, പ്രത്യേകിച്ച് തൃശൂരിന് മറക്കാനാകില്ല രാജൻ എന്ന ചെറുപ്പക്കാരനെയും നീതി തേടി വർഷങ്ങൾ കോടതി കയറിയിറങ്ങി വ്യവഹാരം നടത്തിയ രാജന്റെ അച്ഛൻ ഈച്ചര വാര്യരെയും.
ഓരോ അടിയന്തരാവസ്ഥ ദിനം വരുമ്പോഴും അടിയന്തരാവസ്ഥയുടെ ഭീകരതയുടെ പ്രതീകമായി രാജൻ കേസ് പലപ്പോഴും ഓർമിക്കപ്പെടാറുണ്ട്.
ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന പോലീസ് കസ്റ്റഡി മർദനങ്ങളുടെ ഭീകരത വീണ്ടും രാജൻ കേസും ഈച്ചര വാര്യരുടെ പോരാട്ടവും ഓർമിപ്പിക്കുകയാണ്.
കോഴിക്കോട് റീജിയണൽ എഞ്ചിനീറിംഗ് കോളജിലെ (ഇന്നത്തെ എൻഐറ്റി) വിദ്യാർഥിയായിരുന്ന പി. രാജൻ വാര്യരെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നതോടെയാണ് ഏറെ കോളിളക്കവും വേദനയും നൊമ്പരവും സൃഷ്ടിച്ച രാജൻ കേസ് ആരംഭിക്കുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ആദ്യമായി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നുവെന്നതും ചരിത്രം. നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വച്ച് രാജൻ ക്രൂരമായ പോലീസ് മർദനത്തിന് ഇരയായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മന്ത്രിസഭയൊഴിയേണ്ടി വന്നതും കേരള രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്ര സംഭവം.
ആരും അധികം കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകളിലും പറഞ്ഞു കേട്ടതിലും കേരളം കണ്ട ഏറ്റവും ക്രൂരമായ പോലീസ് കസ്റ്റഡി മർദനമാണ് രാജന് ഏൽക്കേണ്ടി വന്നത്.
എസ്ഐ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ പലയിടത്തും പറഞ്ഞിട്ടുണ്ട്.
പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ വെളിപ്പെടുത്തിയിരുന്നു.
പോലീസിന്റെ കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജന്റെ മൃതദേഹം എന്തു ചെയ്തു എന്നതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. രാജന്റെ മൃതദേഹം പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയെന്ന് പറയപ്പെടുന്നു.
രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിച്ചെന്നും ചിലർ പറയുന്നു.
രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽ കൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്ത് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാകാം എന്ന വാദവും അടുത്തിടെ പുറത്തുവന്നിരുന്നു.
എന്തുതന്നെയായാലും മകന്റെ മരണകാരണവും മറ്റും അന്വേഷിച്ച പിതാവ് ഈച്ചര വാര്യർ നടത്തിയ നിയമ പോരാട്ടം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഇടംപിടിച്ചു.
എന്റെ മകനെ ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയതോന്നണം - എന്ന ഈച്ചര വാര്യരുടെ വാക്കുകൾ കേരളത്തിൽ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് പുളയുന്ന മക്കളുടെ അച്ഛൻമാർ ഓർക്കുന്നുണ്ട്.
കസ്റ്റഡി മർദ്ദനങ്ങളുടെ പുതിയ കഥകൾ ഓരോ ദിവസവും കേൾക്കുമ്പോൾ കേരളത്തിന്റേയും തൃശൂരിന്റേയും ഓർമകളിൽ രാജനും ഈച്ചര വാര്യരും മായാതെ ക്ലാവ് പിടിച്ചു നിൽക്കുകയാണ്.
Special News
കാട്ടാന, പുലി, കടുവ... പ്രകൃതി രമണീയമായ നാട്ടില്‍ പുറത്തിറങ്ങാന്‍ പേടി. വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടി നില്‍ക്കുകയാണ് വയനാട് കല്‍പ്പറ്റയിലെ പെരുന്തട്ട ഗ്രാമവാസികള്‍. കല്പറ്റ നഗരത്തില്‍നിന്നു വിളിപ്പാടകലെയുള്ള ഒരു പ്ലാന്റെഷന്‍ ഗ്രാമം ഇന്ന് ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്.
വനപാലകള്‍ പോലും അപൂര്‍വമെന്ന് വിലയിരുത്തിയ കടുവ-പുലി പോരാട്ടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. മനോഹരമായ സ്ഥലമൊക്കെയാണ്. വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുമുണ്ട്.
പക്ഷെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഗ്രാമം നിറഞ്ഞു നില്‍ക്കുന്നത് വന്യമൃഗശല്യത്താലാണ്. കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേര്‍ന്നു നില്ക്കുന്ന ഇടമാണ് പെരുന്തട്ട. ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും ദൃശ്യം തെളിഞ്ഞു കാണുന്ന പ്രദേശം.
ശാന്തമായ പരിസരമൊരുക്കി സഞ്ചാരിയെ ആശ്ചര്യപ്പെടുത്തും പെരുന്തട്ട. പക്ഷെ എന്തുചെയ്യാം ഈ നാടിന്റെ വിധി ഇങ്ങനെയായിപോയി.
വിട്ടുമാറാത്ത നടുക്കം
ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ നടുക്കത്തിലാണ് പെരുന്തട്ടക്കാർ. തിങ്കൾ രാത്രി പത്തോടെ പെരുന്തട്ട നടുപ്പാറ ഹെൽത്ത് സെന്ററിന് സമീപം റോഡിലാണ് സംഭവം.
ആസമയം റോഡിന് സമീപമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പുലിയും കടുവയും ഏറ്റുമുട്ടുന്നത് നേരിൽ കാണുകയും ചെയ്തു. വന്യമൃഗങ്ങളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ, താഴെ വീണു കിടക്കുന്ന പുലിയുടെ മുകളിൽ കയറി ആക്രമിക്കുന്ന കടുവയെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബഹളം വച്ചതോടെ കടുവ റോഡിനു മുകൾഭാഗത്ത് തേയിലത്തോട്ടത്തിലേക്ക് മാറി. അൽപസമയം റോഡിൽ കിടന്ന ശേഷം പുലി റോഡിന് താഴെഭാഗത്തെ തേയിലത്തോട്ടത്തിലൂടെ ഓടി നീങ്ങിയെന്നും നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികളെ സ്കൂളിലേക്ക് വിടുന്നതുപോലും പേടിച്ചിട്ടാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഭീതിയും പേറി പെരുന്തട്ടക്കാർ
തുറന്നിട്ടൊരു മൃഗശാല പോലെയാണു പെരുന്തട്ട ഗ്രാമം. എങ്ങോട്ടു തിരിഞ്ഞാലും വന്യമൃഗങ്ങൾ മാത്രം. ഏതു നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാമെന്ന ആശങ്കയും പേറിയാണ് ജീവിതം. കഴിഞ്ഞയാഴ്ച കാട്ടാനകളായിരുന്നു ഉറക്കം കെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 20ന് പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ പ്രദേശത്തിറങ്ങിയ കടുവ ദിവസങ്ങളോളമാണ് മേഖലയിൽ ഭീതി പരത്തിയത്. അന്നു നാട്ടുകാർ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങിയിരുന്നു.
തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വര്‍ഷം തുടക്കത്തില്‍ വീട്ടില്‍ വളര്‍ത്തിയ പശുവിനെ പുലി കൊന്നുതിന്നിരുന്നു. കോഫീ ബോര്‍ഡ് തോട്ടത്തിന് സമീപമാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.
പശുവിന്റെ ജഡവുമായി ദേശീയ പാത ഉള്‍പ്പെടെ ഉപരോധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രം.
Special News
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരും. ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. എന്നാല്‍ പീഡനം ഏറ്റുവാങ്ങാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇന്നുണ്ടായിട്ടും ആത്മഹത്യയിലേക്ക് നമ്മുടെ മക്കള്‍ ചാടി പുറപ്പെടുന്നുവെന്നതെന്തിനാണ്.
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരും. ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. എന്നാല്‍ പീഡനം ഏറ്റുവാങ്ങാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇന്നുണ്ടായിട്ടും ആത്മഹത്യയിലേക്ക് നമ്മുടെ മക്കള്‍ ചാടി പുറപ്പെടുന്നുവെന്നതെന്തിനാണ്.
മാനസികമായി ഇരയാക്കപ്പെടുന്ന ഭാര്യയെ തളര്‍ത്തി ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള കുരുക്കാണ് ഭര്ത്താക്കന്മാര് സൃഷ്ടിക്കുന്നത്. സ്വന്തം കുടുംബവും സമൂഹവും അല്ലെങ്കില്‍ സുഹൃത്തുക്കളോ കൂടെ നില്‍ക്കുമെന്ന ഉറച്ച ബോധ്യമാണ് ഇവര്‍ക്ക് വേണ്ടത്.
മകളെ വിവാഹം കഴിപ്പിച്ചുവിട്ടു കഴിഞ്ഞാല്‍ കടമ നിറവേറ്റി എന്ന ആശ്വാസത്തിലാണ് പലപ്പോഴും മാതാപിതാക്കള്‍. ചട്ടിയും കലവുമാണെങ്കില് തട്ടിയും മുട്ടിയിരിക്കുമെന്ന നിലപാട് മാറേണ്ടിയിരിക്കുന്നു.
രാജ്യത്തുടനീളം പ്രതിദിനം ഇരുപത്തിയൊന്ന് സ്ത്രീധന മരണങ്ങള് എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ ശിക്ഷാ നിരക്ക് 34.7 ശതമാനം മാത്രമാണ്. പീഡനവും പീഡനം സഹിക്കാന്‍ കഴിയാതെ മരണവും ഉണ്ടാവുമ്പോഴാണ് ഇവ പുറത്തെത്തുന്നത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തൂങ്ങിമരിച്ചു, വിഷം കഴിച്ചു അല്ലെങ്കില്‍ തീകൊളുത്തി എന്നിങ്ങനെ തീരുന്നു.
ഉന്നത സ്വാധീനത്തിലുള്ള ഒത്തുതീര്‍പ്പുകളാണ് പലപ്പോഴും സ്ത്രീധന പീഡനകേസുകളിലെ തുടര്‍ നടപടികള്‍ മരവിപ്പിക്കുന്നത്. ഇതു കുറ്റ കൃത്യത്തില്‍ ഭാഗഭാക്കായവര്ക്കു നിയമത്തിനു പുറത്തു കടക്കാനുള്ള വഴിയും സ്ത്രീധന സമ്പദ്രായത്തിന് തന്നെ പരോക്ഷ പിന്തുണയോടെ നിലനില്‍ക്കാനുള്ള സാഹചര്യവും ഒരുക്കുന്നു.
പോയവര്‍ പോയില്ലെ. ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പു നല്‍കാം എന്ന സമാധാനപ്പെടുത്തല്‍ തന്ത്രത്തില്‍ നിയമം മറയ്ക്കപ്പെടുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ ആവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക ഘടകങ്ങളുടെ സങ്കീര്‍ണമായ ഇടപെടലും കാരണമായി നിലകൊള്ളുന്നു.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ലഭ്യമായ കണക്ക് പ്രകാരം 7,000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ കഷ്ടിച്ച് 4,500 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. പരാതികളില്‍ 67 ശതമാനത്തിലും ആറുമാസം വരെ വൈകിപ്പിച്ചാണ് പ്രഥമിക അന്വേഷണം എങ്കിലും നടന്നിട്ടുള്ളത്.
6,500 കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ നൂറ് എണ്ണത്തില്‍ മാത്രമാണ് ശിക്ഷ വിധിക്കപ്പെടുന്നത്. ചിലതു നീട്ടി വയ്ക്കപ്പെടുകയും ബാക്കി ഒത്തു തീര്പ്പിലോ ഭീഷണിയിലോ മടുപ്പിലോ വീണ് തീരുകയും അതുവഴി ഇരകള്‍ തകരുകയും ചെയ്യുന്നു.
2022 ല്‍ തെളിവുകളുടെ അഭാവം മൂലം 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചതായി എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നു. 4,148 കൊലപാതക കേസുകള്‍ റിജിസ്റ്റര്‍ ചെയ്യപ്പെട്ടവയായി ഉണ്ടായപ്പോഴാണ് ഇത്.
2017- 2022 വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന 6,100 കൊലപാതക കേസുകളില്‍ സ്ത്രീധനം ആയിരുന്നു കാരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ 80 ശതമാനവും ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയും ഇതില്‍ മുന്നിട്ട് നില്ക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളില്‍ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തില്‍ നിന്നും (ഡൊമസ്റ്റിക് വയലന്‍സ്) അതില്‍ തന്നെ ജീവിത പങ്കാളികളായ പുരുഷന്മാരില് നിന്നുമാണ്. 2022 ല്‍ രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട് 13,479 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 6,450 മരണങ്ങള് ഉണ്ടായി.
ഇവയില്‍ 2,218 മരണങ്ങള് ഉത്തര്‍പ്രദേശിലാണ്. ബീഹാറും (1,057) മധ്യപ്രദേശും (518) പീഡനങ്ങളിലൂടെ ജീവനെടുത്തതില്‍ തൊട്ടുപിന്നിലുണ്ട്.ഇതേ കാലയളവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 442 സ്ത്രീധന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ കര്‍ണാടക 167 കേസുകളുമായി മുന്നിലാണ്. തെലങ്കാന 137, തമിഴ്നാട് 29, കേരളം 11 എന്നിങ്ങനെയാണ് കണക്കുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,776 സ്ത്രീധന പീഡന കേസുകള്‍ ഉണ്ടായി. ഇവയില്‍ 2,224 കേസുകളുമായി കര്‍ണാടകയാണ് മുന്നില്‍, ആന്ധ്രാപ്രദേശ് (298), തമിഴ്നാട് (220), കേരളം (28), തെലങ്കാന (6) എന്നിവയാണ് പിന്നാലെ. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചു.
ഈ കണക്കുകള്‍ എല്ലാം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റജിസ്റ്റര്‍ പ്രകാരമുള്ളതാണ്. കുറ്റകൃത്യങ്ങളുടെ യഥാര്‍ഥ വിവരമല്ല, മറിച്ച് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇത്.
സാമൂഹിക സംവിധാനങ്ങളും നിയമസഹായ സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്ന സാഹചര്യത്തില്‍ മാത്രമാണ് കേസുകള്‍ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ എത്തുന്നത്. അല്ലാതിടങ്ങളിലെ കണക്കുകളും നിലയും താരതമ്യം ചെയ്തെടുക്കുമ്പോള്‍ ഭീതിതമാവും.
എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലും ഈ പീഡനങ്ങള്‍ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുകള്‍ പ്രകാരം മൂന്നില്‍ ഒരു സ്ത്രീ (30 ശതമാനം) പങ്കാളിയില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
സ്ത്രീ കൊലപാതകങ്ങളില്‍ 38 ശതമാനവും, സ്ത്രീകളുടെ ആത്മഹത്യകളില്‍ മൂന്നിലൊന്നിന് പിന്നിലും പങ്കാളിയുടെ പീഡനമാണെന്ന് കണക്കുകള്‍ പറയുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കണക്ക് ചില രാജ്യങ്ങളില്‍ 50 ശതമാനത്തിലും കൂടുതലാണ്.
ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ ആരോഗ്യവും മോശമാകും. ശാരീരിക വളര്‍ച്ച കുറവ്, പോഷകാഹാര കുറവ്, ശിശു മരണ നിരക്ക് തുടങ്ങിയവ ഇത്തരം സഹാചര്യത്തില്‍ വളരുന്ന കുട്ടികളില്‍ കൂടുതലാണ്.
അതോടൊപ്പം കുട്ടിയുടെ മാനസിക വളര്‍ച്ചയെയും ബാധിക്കാം. അവരുടെ സാമൂഹിക ബോധത്തെ തന്നെ തെറ്റായ രീതിയില്‍ രൂപപ്പെടുത്തുന്നതിന് കാരണമാവാം. ആത്മഹത്യ തെറ്റാണ്.
ഭര്‍ത്താവ് സംശയരോഗിയും പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെയോ ബന്ധുക്കളെയോ അല്ലെങ്കില്‍ പോലീസിനെയോ വിളിക്കാന്‍ തയാറാകുക.
സ്വന്തംജീവിതം തകര്ത്തുകളഞ്ഞിട്ടു പീഡകനെ വിജയിക്കാന്‍ അനുവദിക്കാതെയിരിക്കുക എന്നതാണ് മക്കളെ നിങ്ങള്‍ ചെയ്യേണ്ടത്.
Special News
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു, എന്നെ അസഭ്യം പറഞ്ഞു,'' 2021 ജൂണില്‍ 22 കാരിയായ വിസ്മയ നായര്‍ തന്റെ സുഹൃത്തിന് അയച്ച ഈ സന്ദേശം കേരളത്തില്‍ ഞെട്ടലുണ്ടാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവളെ മരിച്ച നിലയില്‍ കണ്ടെത്തി. 2022 മെയ് 23 ന്, വിസ്മയയുടെ മരണത്തിന് ഒരു വര്‍ഷത്തിനുള്ളില്‍, ഭര്‍ത്താവ് കിരണ്‍ കുമാര്‍ അവളുടെ മരണത്തിന് ശിക്ഷിക്കപ്പെട്ടു. 2021ജൂണ്‍ മാസത്തിലാണ് ചടയമംഗലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ചത്.
ഗാര്‍ഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ആ മരണത്തിനുപിന്നാലെ പുറത്തറിഞ്ഞു തുടങ്ങിയത്. വിവാഹം കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ശാരീരിക-മാനസിക പീഡനം.
ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയയെ പറഞ്ഞു പറ്റിച്ച് വീണ്ടും കൂടെക്കൂട്ടി ശാസ്താംകോട്ട സ്വദേശി കിരണ്‍കുമാര്‍. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാര്‍ തന്റെ സര്‍ക്കാര്‍ ജോലിയില്‍ അഭിരമിച്ചിരുന്നു.
കൂടുതല്‍ തുക സ്ത്രീധനം കിട്ടാനുള്ള യോഗ്യതയായാണ് അയാള്‍ തനന്റെ ജോലിയെ കണ്ടത്. തുടരെത്തുടരെയുള്ള പീഡനത്തിനൊടുവില്‍ നഷ്ടമായത് ഒരു ഇരുപത്തിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ ജീവനാണ്.
സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ശേഷം ഭാര്യ വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതിന് എസ്. കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. ആയുര്‍വേദ മെഡിസിനില്‍ ബിരുദം നേടിയിരുന്ന വിസ്മയ വി. നായരെ 2021 ജൂണ്‍ 21 ന് കൊല്ലത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
22 വയസുള്ള വിസ്മയ കടയ്ക്കലിനടുത്തുള്ള നിലമേല്‍ സ്വദേശിനിയായിരുന്നു. സ്ത്രീധനമായി നല്കിയ കാറിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പലതവണ ക്രൂരമായി മര്‍ദിച്ചുവെന്നു പറഞ്ഞ് ബന്ധുവിനു സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ മരണം.
വിസ്മയയുടെ ഒരു ശബ്ദരേഖ പുറത്തുവന്നതും ഞെട്ടിക്കുന്നതാണ്. കിരണിന്റെ കൈകളില്‍നിന്നു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കരയുന്നതും പരാതിപ്പെടുന്നതുമായ വിസ്മയയുടെ ശബ്ദമാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.
""എന്നെ ഇവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചാല്‍, നിങ്ങള്‍ എന്നെ ഇനി കാണില്ല,'' ഓഡിയോയില്‍ പറയുന്നു. "" ഞാന്‍ എന്തെങ്കിലും ചെയ്യും, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. അച്ചാ (അച്ഛാ), എനിക്ക് തിരിച്ചുവരണം. എനിക്ക് പേടിയാണ്, എന്നെ തല്ലും,'' വിസ്മയ കണ്ണീരോടെ പറയുന്നത് കേള്‍ക്കാം.
2021-ല്‍, മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വിസ്മയ തനന്റെ ബന്ധുവിന് ചില വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു, അതില്‍ താന്‍ കടുത്ത ആക്രമണത്തിന് ഇരയായതായി പറഞ്ഞിരുന്നു. തന്നെ ആക്രമിച്ചതിന് ശേഷം ഭര്‍ത്താവ് തനന്റെ മുടി പിന്നിലേക്ക് വലിച്ച് മുഖത്ത് ചവിട്ടിയെന്ന് അവര്‍ എഴുതിയിരുന്നു.
ആക്രമണത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്ന് അവര്‍ സന്ദേശത്തില്‍ പറയുന്നു. ബന്ധുവിനൊപ്പം പങ്കിട്ട ഫോട്ടോകളില്‍ അവളുടെ മുഖത്തും തോളിലും കൈകളിലും പരിക്കുകള്‍ കാണിക്കുന്നു. വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക തെളിവുകളില്‍ ഒന്നായിരുന്നു ഇത്.
വിസ്മയയുടെ മരണശേഷം, കുടുംബം സ്ത്രീധനമായി 100 പവന്, ഒരു ഏക്കര്‍ ഭൂമി, ഒരു ടൊയോട്ട യാരിസ് കാര്‍ എന്നിവ നല്‍കിയിരുന്നതായും എന്നാല്‍ മറ്റൊരു മോഡലിലുള്ള കാര്‍ വേണമെന്നും കൂടുതല്‍ പണം വേണമെന്നും ആഗ്രഹിച്ചിരുന്നതായും വിസ്മയയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
കിരണ്‍ വിസ്മയയെ നേരത്തെയും ആക്രമിച്ചതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് മരണശേഷം പിതാവ് പറഞ്ഞിരുന്നു .
ഉത്രയേ മറക്കാന്‍ കഴിയുമോ
ഉത്രയും കൊല്ലം സ്വദേശിയാണ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയും ലഭിച്ചു.
17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ്, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്രയുടെ (25) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്.
ആറിന് സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.
ഇതിന് മുന്‍പ് മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഇറച്ചിയില്‍ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം
ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂര്‍ഖനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമര്‍ഥിച്ചു. മൂര്‍ഖന്റെ പത്തിയില്‍ ബലം പ്രയോഗിച്ച് കോഴിയിറച്ചിയില്‍ കടിപ്പിച്ചു.
സ്വാഭാവിക കടിയെങ്കില്‍1.5 1.8 സെന്റിമീറ്റര്‍ വരെയായിരിക്കും പല്ലുകള്‍ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ. വരെയാകും. ഉത്രയുടെ ശരീരത്തില്‍ പല്ലുകളുടെ പാടുകള്‍ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.
കൂടുതല്‍ സ്വത്താവശ്യപ്പെട്ടു, സംശയം സൂരജിലേക്കെത്തി
പാമ്പു കടിച്ചുള്ള സ്വാഭാവിക മരണമെന്ന് സൂരജ് പറഞ്ഞത് ആദ്യം വിശ്വസിച്ച ഉത്രയുടെ വീട്ടുകാരോട് സ്ത്രീധനമായി നല്കിയ കാര്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ സ്വത്തുക്കളും ചോദിച്ചതോടെ സംശയം ബലപ്പെട്ടു. മേയ് 21ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അഞ്ചല്‍ പോലീസിന് പരാതി നല്കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്.പി ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അന്നുതന്നെ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളില്‍ നിറയെ വൈരുദ്ധ്യമായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 25ന് അറസ്റ്റ് ചെയ്തു.
Special News
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്.
വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്. അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
അതില്‍ വിപഞ്ചിക ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിനെയും നോക്കുന്നതെല്ലാം താന്‍ മാത്രമാണെന്നും ഒരു പട്ടിക്കുഞ്ഞിനെ പോലെയാണ് മകള്‍ വീട്ടില്‍ കിടക്കുന്നത്.
ഭര്‍ത്താവായ നിതീഷ് അയാളുടെ കാര്യം മാത്രം നോക്കി നടക്കുക ആണെന്നും വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു. 'ഒരു വര്‍ഷത്തിനിടയ്ക്ക് കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ അയാള്‍ പുറത്ത് കൊണ്ടു പോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ മാത്രം. പലപ്പോഴും അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോയാലായി.
എന്നാല്‍ അയാള്‍ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്ത് സന്തോഷത്തോടെ കഴിയുകയാണ്. അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. ഇതൊക്കെ സഹിച്ചു ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്' ശബ്ദസന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.
പണത്തോട് ഇത്രക്ക് ആര്‍ത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തില്‍ ആണ്. അയാളുടെ സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവ് നിതീഷ് കഴിഞ്ഞ ദിവസം വിവാഹ മോചനനോട്ടീസ് അയച്ചിരുന്നു. ഈ സംഭവം വിപഞ്ചികയെ മാനസികമായി തളര്‍ത്തി. കുടുംബം ഏര്‍പ്പെടുത്തിയ കൊല്ലത്തുള്ള ഒരു അഭിഭാഷകനുമായി വിപഞ്ചിക സംസാരിച്ചിരുന്നു. എല്ലാത്തിനും പോംവഴി ഉണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അഭിഭാഷകന് വിപഞ്ചികയ്ക്ക് ഉറപ്പ് നല്കി. പക്ഷെ,ആ മറുപടിയില്‍ യുവതിക്ക് തൃപ്തികരമായിരുന്നില്ല.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബത്തെ വെട്ടിലാക്കുന്നത്.' പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല, ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും, ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, അമ്മായിയച്ഛന് മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു ഇങ്ങനെ നിരവധി ആരോപണങ്ങളാണ് മരണകുറിപ്പില്‍ ഉള്ളത്.
കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ
രണ്ടാഴ്ച മുമ്പു കേരളത്തിന്റെ നെഞ്ചിലെ തീരാവേദനയായിരുന്നു വിപഞ്ചിക. സ്വപ്നം കണ്ട ജീവിതം വഴിമാറിയപ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെയും കൂട്ടി ഈ ലോകം വിട്ടുപോയവള്‍...മരണത്തെ പുല്കുന്നതിനു മുമ്പ് താന്‍ അനുഭവിച്ചതെല്ലാം അവള് കുറിപ്പുകളില്‍ കോറിയിട്ടു.
ശബ്ദശകലങ്ങളായി ഈ ലോകത്തോട് വിളിച്ചുപറഞ്ഞു. ആ വേദനമായും മുമ്പാണ് പ്രവാസലോകത്തു നിന്നുതന്നെ സമാനമായ മറ്റൊരു വാര്‍ത്തയെത്തുന്നത്. ഷാര്‍ജയില്‍ ജീവനൊടുക്കിയത് കൊല്ലം കോയിവിള സ്വദേശി അതുല്യ. താന്‍ അനുഭവിച്ച നരകയാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞായിരുന്നു വെള്ളിയാഴ്ച അതുല്യയും വിടപറഞ്ഞത്.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.... മൂന്നു മരണങ്ങള് സൃഷ്ടിച്ച ആഘാതത്തിലാണ് മലയാളികള്‍.
കൊല്ലം സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സുഹൃത്തിനും, മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹോദരിയ്ക്കും അയച്ചുനല്‍കിയിരുന്നു.
താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്നു ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസിലായിരുന്നു വിവാഹം. വഴക്കിനു ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞു പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിനു പ്രശ്നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ഇതിനിടെയാണ് അതുല്യയെ തൂങ്ങി മരിച്ചനിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഈ ദിവസം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് ഷാര്‍ജയിലേക്ക് അതുല്യയെ സതീഷ് കൊണ്ടുപോകുന്നത്.
എന്നാല്‍ വിദേശത്ത് എത്തിയതോടെ സതീഷിന്റെ സ്വഭാവം മാറിയെന്നാണ് അതുല്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. സമാനതകളില്ലാത്ത ഭര്‍തൃപീഡനമാണ് അതുല്യ അനുഭവിച്ചുകൊണ്ടിരുന്നത്. 24 മണിക്കൂറും വീട്ടില്‍ പൂട്ടിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂരമായ മര്‍ദനമാണ് അതുല്യ ഏറ്റുവാങ്ങിയിരുന്നത്.
മകളെ ഓര്‍ത്ത് താന്‍ ജീവിക്കുകയാണെന്നായിരുന്നു അതുല്യ ബന്ധുക്കളേട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് അതുല്യക്ക് ജോലി ലഭിക്കുന്നത്. എന്നാല്‍ അതുല്യയെ ജോലിക്ക് വിടാന്‍ സതീഷിന് താത്പര്യം ഇല്ലായിരുന്നു. ഒരു സൈക്കോയെ പോലെ സതീഷ് പെരുമാറുന്നുവെന്ന് ബന്ധുക്കളെ അതുല്യ അറിയിച്ചിരുന്നു.
താന്‍ മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു അതുല്യ. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവിനും, മാതാവിനൊപ്പം താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.
Special News
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ് ഈ വിവാഹജീവിതം നിലനിന്നുള്ളൂ.
തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം.സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്.
ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു.
ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.
നൊമ്പരമായി താരയും മക്കളും
നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി നിമിഷ നേരം കൊണ്ട് നിലവിളിയും പുകയുമായത് ഓര്‍ക്കാനാവാതെ നാട്ടുകാര്‍. വിദേശത്തുനിന്ന് മക്കള്‍ക്ക് കളിപ്പാട്ടങ്ങളും പുത്തന്‍ ഉടുപ്പുകളുമായി എത്തുന്ന പിതാവിനെ കാണാതെ കണ്മണികള് യാത്രയായി.
അവസാന നിമിഷവും അമ്മയും മക്കളും ഇണ പിരിയാതെ യാത്രയായി. 2025 ഏപ്രില്‍ 14നാണ് കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചത് . പുത്തന്‍കണ്ടത്തില്‍ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (ഏഴ്), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്.
മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണം. ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംക്ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യശ്രമം നടന്നത്.
ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണന് സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലവിളിയും പുകയുമുയര്ന്നതിനെത്തുടര്ന്നു നാട്ടുകാര്‍ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 12 നു താര ഭര്‍ത്താവിന്റെ കുടുംബവീടായ കാട്ടില്ക്കടവിനു സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരന് കരുനാഗപ്പള്ളി പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു.
വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭര്‍ത്താവ് സഹോദരനെ അറിയിച്ചിരുന്നു. സഹോദരന് ഇക്കാര്യം കരുനാഗപ്പള്ളി പോലീസിനെ അറിയിച്ചു.
പിന്നാലെ വനിതാസെല്ലില്‍ നിന്ന് പോലീസെത്തി താരയുമായി സംസാരിക്കുകയും ഭര്‍ത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നല്കിയാല് ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. ഇതിനുശേഷമാണ് താരയും മക്കളും ആത്മഹത്യ ചെയ്തത്.
താര ജി. കൃഷ്ണന്റെയും മക്കളായ അനാമികയുടെയും ആത്മികയുടെയും ദുരന്തത്തില്‍ വിങ്ങലോടെ കഴിയുകയാണ് നാട്. മൂത്ത കുട്ടി ഒന്നാം ക്ലാസുകാരി അനാമിക ഒന്നര വയസുള്ള ഇളയ കുട്ടിയെ തോളിലേറ്റിയാണു കളിപ്പിക്കുന്നത്.
മിക്കപ്പോഴും ചേച്ചിയുടെ കൈയില്‍ അനുജത്തി കാണും. സ്കൂളില്‍ നിന്നെത്തിയാല്‍ ഇവര്‍ രണ്ടുപേരും മതില്കെട്ടിനുള്ളില് ഒരുമിച്ചു കളിക്കുന്നത് അയല്‍വാസികള്‍ക്കു പതിവു കാഴ്ചയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.
ഒന്നര വര്‍ഷമായി ആദിനാട് കൊച്ചു മാംമൂട് ജംക്ഷന് സമീപമുള്ള വാടക വീട്ടില്‍ അമ്മയും മക്കളും താമസിക്കുന്നു. വളരെ ശാന്തമായിട്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികള്‍ റോഡിലൂടെ പോകുന്ന മിക്ക അയല്‍ക്കാരുമായും സൗഹൃദത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവ് ഗിരീഷ് ആനന്ദന് നാട്ടിലെത്തുന്ന വിവരം കുട്ടികള്‍ അയല്‍ക്കാരോട് പറയുമായിരുന്നു. വാടക വീട് ഒരു വര്‍ഷത്തേക്കു കൂടി വേണമെന്ന് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു.
ഗിരീഷ് വന്ന ശേഷം വീടിന്റെ വാടക കരാര്‍ പുതുക്കാനിരിക്കുകയായിരുന്നു. ഗിരീഷ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയോ, മറ്റൊരു വീട് നിര്‍മിച്ച് താമസിക്കാനോ ആയിരുന്നു മോഹം.
എല്ലാ മോഹങ്ങളും ബാക്കിയാക്കി അമ്മയുടെയും മക്കളുടെ മരണം ആദിനാട് വടക്ക് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
ഫസീലയുടെ വയറ്റില്‍ ചവിട്ടി
തൃശൂരിലെ വെള്ളാങ്ങല്ലൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഫസീല എന്ന 23 വയസുള്ള ഗര്‍ഭിണി ആത്മഹത്യ ചെയ്തിട്ടു ദിവസങ്ങള്‍ മാത്രം. ഭര്‍ത്താവ് നൗഫലില്‍ (29), ഭാര്യാമാതാവ് റംല എന്നിവരില്‍ നിന്ന് ദീര്‍ഘകാലമായി ശാരീരികവും മാനസികവുമായ പീഡനം സഹിച്ചതിനെ തുടര്‍ന്ന് ജൂലൈ 29 ചൊവ്വാഴ്ചയാണ് സംഭവം.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, താന്‍ നേരിട്ട അതിക്രമങ്ങള്‍ വിവരിച്ച് ഫസീല അമ്മയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയാണെന്നു ഫസീല വെളിപ്പെടുത്തിയതായും നൗഫല്‍ തന്റെ വയറ്റില്‍ ചവിട്ടുകയും കൈകള്‍ ഒടിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നതായും സ്ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു.
അമ്മായിയമ്മയില്‍ നിന്ന് നിരന്തരമായി അധിക്ഷേപം ഉണ്ടായതായും അവര്‍ ആരോപിച്ചു. 'ഞാന്‍ മരിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ അവര്‍ എന്നെ കൊല്ലും. അവള് തന്റെ അവസാന സന്ദേശങ്ങളിലൊന്നില്‍ എഴുതി. ഒന്നര വര്‍ഷം മുമ്പാണ് ഫസീല നൗഫലിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് 10 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
Special News
ഒരു പെണ്‍കുട്ടി വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എത്രയേറെ സ്വപ്നങ്ങള്‍ കണ്ടിട്ടാണ്. എന്തെല്ലാം പ്രതീക്ഷകളാണ് അവരുടെ മനസിലുള്ളത്. ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്ന ഈ പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലുന്നതും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും കേരളത്തിലെ മക്കള്‍ തന്നെയാണ്.
സ്ത്രീധനപീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യയും കേരളത്തെ പിടിച്ചുകുലുക്കുകയാണ്. പെണ്‍കുട്ടികളെ വിവാഹംകഴിപ്പിച്ച് അയച്ചുകഴിഞ്ഞാല്‍ ഉത്തരവാദിത്വം കഴിഞ്ഞുവെന്നു വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ഓരോ സംഭവവും ഓര്‍മിപ്പിക്കുന്നു.
പണത്തിനോട് ആര്‍ത്തിമൂത്ത വിദ്യാസമ്പന്നരായ യുവാക്കള്‍പോലും ക്രൂരതയുടെ മുഖത്തോടെ ഭാര്യമാരെ സമീപിക്കുന്നതും ഭാര്യമാരെ കൊല്ലുന്നതും നിത്യസംഭവമായിരിക്കുന്നു. പണവും സ്ത്രീധനവും സമ്മാനങ്ങളും കുറഞ്ഞാല്‍ കൊല്ലാന്‍ പോലും മടിക്കാത്തവരായി വിദ്യാസമ്പന്നര്‍ പോലും മാറുന്നു.
കൊല്ലം ജില്ലയിലും മറ്റുജില്ലകളിലും അടുത്ത ദിവസങ്ങളില്‍ സംഭവിച്ച യുവതികളുടെ ആത്മഹത്യകള്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് മറുപടി നമ്മള് നല്‍കണം. ഇനിയും പണത്തിനുവേണ്ടി ജീവിതം നശിപ്പിക്കണമോ എന്ന് ചിന്തിക്കേണ്ട കാലമാണ്.
ആരോഗ്യമില്ലേടാ...പോയി ജോലി ചെയ്ത് ജീവിക്കെടാ...ഭാര്യയുടെ കെട്ടുതാലി പൊട്ടിക്കാതെ എന്നു പറയാന്‍ സമൂഹത്തിനും കഴിയണം.
മരിക്കുമ്പോള്‍ ശരീരഭാരം വെറും 21 കിലോ മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അപ്പോള്‍ തന്നെ പെട്ടെന്നു സംഭവിച്ച മരണമല്ല, പതിയെ ചെയ്തു തീര്‍ത്ത പീഡന കൊലപാതകം തന്നെയെന്നു മനസിലാകും. ഈ കേസില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം തടവ് ലഭിച്ചു.
അഞ്ചു വര്‍ഷത്തിലധികം നീണ്ട ക്രൂരപീഡനങ്ങള്‍ക്കൊടുവിലായിരുന്നു കൊല്ലം പൂയപ്പള്ളിയില്‍ തുഷാരയെന്ന 27-കാരി കൊല്ലപ്പെട്ടത്. സ്ത്രീധനത്തിനന്റെ പേരില്‍ നടന്ന അരുംകൊല... ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തുഷാരയെ പട്ടിണിക്കിട്ടാണ് കൊലപ്പെടുത്തിയത്.
വിവാഹ ശേഷം സ്വന്തം മാതാപിതാക്കളെ കാണാന്‍ ഭര്‍ത്താവും കുടുംബവും അനവദിച്ചിരുന്നില്ല. കുഞ്ഞുങ്ങളെ ലാളിക്കുന്നതിനുപോലും വിലക്കായിരുന്നു. സ്വന്തം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍പ്പോലും അമ്മയുടെ പേരിന്റെ സ്ഥാനത്ത് അമ്മായിയമ്മയുടെ പേരു ചേര്‍ത്തു.
2019 മാര്‍ച്ച് 21നാണ് ഇരുപത്തിയെട്ടുകാരിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2013ലായിരുന്നു പൂയപ്പള്ളി ചരുവിളവീട്ടില്‍ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം. ആറു വര്‍ഷം നീണ്ട കുടുംബജീവിതത്തിനൊടുവിലാണ് തുഷാരയുടെ മരണം. 2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടില്‍ ചന്തുലാലിന്റെയും വിവാഹം.
വിവാഹം കഴിഞ്ഞു മൂന്നാം മാസം മുതല്‍ തുഷാരയ്ക്കു ക്രൂരപീഡനമായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്തുനിന്നു സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
വീട്ടുകാരുമായുള്ള ബന്ധം പൂര്‍ണമായി നിരസിക്കപ്പെട്ടു. സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്.
അവരെ സ്നേഹിക്കാന്‍ പോലും അനുവദിക്കാതെ, ഭക്ഷണം നല്‍കാതെ, പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവൾ ആ വീട്ടില്‍ തളയ്ക്കപ്പെട്ടു. തുഷാരയുടെ വീട്ടുകാര്‍ക്കും കുട്ടികളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.
തുഷാരയുടെ മകളെ നഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ അധ്യാപിക അമ്മയുടെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികള്‍ നല്കിയ മറുപടി. മാത്രമല്ല രണ്ടാം പ്രതിയായ ചന്തുലാലിന്റെ അമ്മയുടെ പേരാണ് അമ്മയുടെ പേരായി നഴ്സറിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നത്.
അഞ്ചര വര്‍ഷം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവില്‍ തുഷാര മരണത്തിന് കീഴടങ്ങി. 2019 മാര്‍ച്ച് 21-ന് രാത്രിയാണ് തുഷാരയുടെ മരണവിവരം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കണ്ടതു തുഷാരയുടെ ശോഷിച്ച മൃതദേഹമാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. 27-ാം വയസില്‍ അവളുടെ ഭാരം വെറും 21 കിലോഗ്രാമായിരുന്നു. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു.
രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാല്‍ പോലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
ശാസ്ത്രീയ തെളിവുകളും അയല്‍ക്കാരടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ പ്രതികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു. തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീതലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.
Special News
ധര്‍മസ്ഥലയില്‍ നടന്നതായി പറയുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇവിടവുമായി ബന്ധപ്പെട്ട് കാണാതായ പലരുടെയും കുടുംബാംഗങ്ങള്‍ വീണ്ടും പരാതികളുമായി എത്തുകയാണ്.
സിബിഐയില്‍ സ്റ്റെനോഗ്രാഫറായി വിരമിച്ച ബംഗളൂരു സ്വദേശിനിയായ സുജാത ഭട്ട് ആയിരുന്നു ഇവരില്‍ ആദ്യത്തെയാള്‍. ഇവരുടെ മകള്‍ മണിപ്പാലില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അനന്യ ഭട്ടിനെ 2003 ലാണ് ധര്മസ്ഥലയില്വച്ച് കാണാതായത്.
ധര്‍മസ്ഥലയും സമീപസ്ഥലങ്ങളും കാണാനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു അനന്യ. പല വഴിക്കായി കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ അനന്യയെ പെട്ടെന്ന് കാണാതായതായാണ് കൂട്ടുകാര്‍ പറഞ്ഞത്.
ഏറെ അന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍ പോലീസിലും പരാതി നല്‍കിയതാണ്. പക്ഷേ അവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ല. അന്ന് കൊല്‍ക്കത്തയില്‍ ജോലിചെയ്തിരുന്ന സുജാത മകളെ കാണാതായതായി വിവരം കിട്ടിയതോടെ ധര്‍മസ്ഥലയിലേക്ക് പറന്നെത്തിയതായിരുന്നു.
എന്നാല്‍, ഇവര്‍ സിബിഐയിലെ ഉദ്യോഗസ്ഥയായിരുന്നിട്ടുപോലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തണുപ്പന്‍ സമീപനമായിരുന്നു. മകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാകാമെന്ന നിഗമനമാണ് ബെല്‍ത്തങ്ങാടി പോലീസ് ഇവരോട് പറഞ്ഞത്.
മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു അനന്യയുടെയും കൂട്ടുകാരുടെയും ധര്‍മസ്ഥല യാത്ര. ഇത് പോലീസിന്റെ വാദത്തിന് ബലമായി.
ഹോസ്റ്റല്‍ അധികാരികളും പോലീസുമെല്ലാം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവായപ്പോള്‍ മകളെ കണ്ടെത്താന്‍ സഹായം തേടി ധര്‍മസ്ഥലയിലെ ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ മുന്നില്‍തന്നെ സുജാത എത്തിയിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് അദ്ദേഹവും കൈമലര്‍ത്തി. ഇതോടെ സുജാത മകളെ കാണാതായ വഴികള്‍ തേടി സ്വന്തം നിലയ്ക്ക് തന്നെ ധര്‍മസ്ഥലയില്‍ അന്വേഷണം നടത്തി.
സുജാത വിവരിച്ച അനന്യയുടെ രൂപലക്ഷണങ്ങളുള്ള പെണ്‍കുട്ടിയെ ധര്‍മസ്ഥല ട്രസ്റ്റുമായി അടുത്ത ബന്ധമുള്ള ചിലര്‍ക്കൊപ്പം കണ്ടിരുന്നതായി നാട്ടുകാരായ ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനിടയില്‍ ക്ഷേത്രത്തിനു സമീപം ഒരിടത്ത് ഇരിക്കുമ്പോള്‍ മകളെ കണ്ടെത്താനുള്ള സഹായം ചെയ്തുതരാമെന്നു പറഞ്ഞ് ഒരുസംഘം ആളുകള്‍ സുജാതയെ സമീപിച്ചു.
ക്ഷേത്രത്തിലെ വോളന്റിയര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെള്ള യൂണിഫോമാണ് അവര്‍ ധരിച്ചിരുന്നത്. അവര്‍ സുജാതയെ ഒരു മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് പെട്ടെന്ന് തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റതായും താന്‍ അബോധാവസ്ഥയിലായതായും സുജാത പറയുന്നു.
എവിടെയോ അബോധാവസ്ഥയില്‍ കിടന്ന തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനെ ധിക്കരിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ ഇറങ്ങിത്തിരിച്ചതായതിനാല് ഇതുമായി ബന്ധപ്പെട്ടും അവരുടെ ഭാഗത്തുനിന്ന് ഇടപെടലൊന്നുമുണ്ടായില്ല.
അന്ന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും സുജാതയ്ക്കുണ്ട്. ഇതോടെ സിബിഐയിലെ ജോലിയില്‍നിന്ന് സ്വയം വിരമിച്ച് മകള്‍ക്കായുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ തുടരുകയായിരുന്നു.
പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതൊന്നും എങ്ങുമെത്തിയിരുന്നില്ല. അപ്പോഴാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങള്‍ പരിശോധിക്കുമ്പോള്‍ അനന്യയുടെ ശേഷിപ്പുകള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ഇപ്പോള്‍ സുജാതയുടെ ആവശ്യം.
ഇത്രയും കാലം മകള്‍ക്കായി കാത്തിരുന്ന വയോധികയായ തനിക്ക് ഇനി മകളുടെ അന്ത്യകര്മങ്ങളെങ്കിലും ചെയ്യാനുള്ള സാഹചര്യമൊരുക്കിത്തരണമെന്നു മാത്രമാണ് സുജാത പറയുന്നത്. കുറ്റക്കാരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമൊക്കെ ഇനി സര്‍ക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ചെയ്യട്ടെയെന്ന് കാലങ്ങളുടെ കാത്തിരിപ്പ് സൃഷ്ടിച്ച നിര്‍വികാരതയോടെ സുജാത പറയുന്നു.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആരോപണവിധേയരാകുന്ന ആളുകള്‍ സര്‍ക്കാരുകളിലും മറ്റു സംവിധാനങ്ങളിലും സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളിലും വളരെയേറെ സ്വാധീനവും ധനബലവും ഉള്ളവരായതിനാല്‍ കുറ്റകൃത്യങ്ങളില്‍ കുറച്ചെങ്കിലും പുറത്തുവന്നാലും അവരാരെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ ഇതേ നിര്‍വികാരതയാണ് ധര്മസ്ഥലയിലേയും കര്‍ണാടകയിലേയും സാധാരണക്കാരില്‍ ഭൂരിഭാഗവും പുലര്‍ത്തുന്നത്.
ചെറുതായെന്തെങ്കിലും സംഭവിച്ചാല്‍തന്നെ ആശ്വാസമെന്ന നിലപാടാണ് അധികം പേര്‍ക്കുമുള്ളത്. വെളിപ്പെടുത്തലുകള്‍ നടത്തിയ ആളിന്റെ സുരക്ഷയും അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങാനോ ക്രമേണ അട്ടിമറിക്കപ്പെടാനോ ഉള്ള സാധ്യതകളുമെല്ലാമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്ക്കുന്നു. ശുചീകരണ തൊഴിലാളിയുടെ സൂപ്പര്വൈസറെപ്പോലുള്ള ചെറുമൃഗങ്ങളെ മാത്രം കൂട്ടിലാക്കി കഴുകന്മാര് പിന്നെയും ഉയര്‍ന്നുതന്നെ പറക്കാനുള്ള സാധ്യതയുമുണ്ട്.
2012 ലെ സൗജന്യ കേസ് സൃഷ്ടിച്ച ആഘാതത്തിനു ശേഷം ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെ തിരോധാനങ്ങളും ദുരൂഹമരണങ്ങളും നടന്നിട്ടുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെല്ലാം അതിനുമുമ്പു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്.
സൗജന്യ കേസ് ധര്‍മസ്ഥലയുടെ സല്പേരിനും വിശ്വാസ്യതയ്ക്കും വലിയ തോതില്‍ മങ്ങലേല്‍പിച്ചതോടെ ഇവിടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഉന്നതതലത്തില്‍ തന്നെ ഇടപെടലുകള്‍ നടന്നിരിക്കാമെന്നാണ് സൂചന.
ഉന്നതതലത്തിലുള്ള പലര്‍ക്കും കാഴ്ചവയ്ക്കാന്‍ വേണ്ടിത്തന്നെയാണ് ക്രിമിനല്‍ സംഘങ്ങള്‍ കാലങ്ങളായി പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ധര്‍മസ്ഥലയില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരം. ഇവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ വിസമ്മതിച്ചിരുന്നവരാണ് കൊലചെയ്യപ്പെട്ടത്.
എത്ര മൂടിവച്ചാലും കാലങ്ങള്ക്കപ്പുറമെങ്കിലും സത്യം പുറത്തുവരുമെന്ന വിശ്വാസമാണ് ഇപ്പോള്‍ ശരിയായിത്തീര്‍ന്നത്. അതിന്റെ ശേഷിപ്പുകളോരോന്നായി പുറത്തെടുക്കപ്പെടുമ്പോള്‍ കാലം കണക്കുചോദിക്കുന്നത് ആരോടൊക്കെയാവാമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.
Special News
ധര്‍മസ്ഥലയിലെ ഒരു മുന്‍ ശുചീകരണത്തൊഴിലാളി രണ്ട് അഭിഭാഷകര്‍ മുഖേന ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ നാടിനെയാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ തുടക്കം.
സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.
ദളിത് വിഭാഗത്തില്‍പ്പെടുന്ന ഇയാള്‍ 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥല ക്ഷേത്രഭരണസമിതിക്ക് കീഴില്‍ ജോലി ചെയ്തിരുന്നതാണ്. തന്റെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നതെന്ന് ഇയാള്‍ പറയുന്നു.
കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്നും മൃതദേഹങ്ങള്‍ സംസ്കരിക്കാനായി എത്തിച്ചു നല്‍കിയത് ആരാണെന്നും തനിക്ക് വ്യക്തമായി അറിയാം. സാക്ഷിയെന്ന നിലയിലുള്ള സുരക്ഷിതത്വം ഉറപ്പുനല്‍കിയാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ തയാറാണ്.
പതിവായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വന്നപ്പോഴുണ്ടായ മനസാക്ഷിക്കുത്ത് മൂലമാണ് ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇതൊക്കെ തുറന്നുപറയാന്‍ നിന്നാല്‍ താനും കുടുംബവും കൊല്ലപ്പെടുമെന്ന നിലയായിരുന്നു.
2014ല്‍ ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിച്ചതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം നാടുവിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുകയായിരുന്നു. ഇങ്ങനെ കാലം കടന്നുപോകുകയേ ഉള്ളൂവെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്നുമുള്ള ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ തയാറായി തിരിച്ചെത്തിയതെന്നും പരാതിയില്‍ പറയുന്നു.
സ്കൂള്‍ യൂണിഫോമിലുള്ള നിരവധി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ലൈംഗികാതിക്രമത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട നിലയില്‍ തന്റെ മുന്നിലെത്തിയിട്ടുണ്ട്.
പലരുടെയും മുഖത്തെ നിഷ്കളങ്കതയും ഭയവും ഇപ്പോഴും തന്റെ മനസിനെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ സ്കൂള്‍ ബാഗും ഒപ്പമുണ്ടായിരുന്നു. ബാഗും കൂടെ വച്ചാണ് ആ മൃതദേഹം കുഴിച്ചുമൂടിയത്.
ഒരു യുവതിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ആ മൃതദേഹം സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടതു പ്രകാരം ദഹിപ്പിച്ചുകളയുകയായിരുന്നുവെന്നും ഇയാള്‍ എഴുതി സമര്‍പ്പിച്ച വെളിപ്പെടുത്തലില്‍ പറയുന്നു.
ഇയാള്‍ കുഴിച്ചിട്ടതാണെന്നു പറയുന്ന ഏതാനും മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇവ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരുക്കമാണെന്നും പരാതിയില്‍ പറയുന്നു.
ഇയാളെ പിന്നീട് ബെല്‍ത്തങ്ങാടിയിലെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അഭിഭാഷകര്‍ക്കുമൊപ്പം മുഖംമറച്ചുകൊണ്ടാണ് ഇയാളെ കോടതിയിലെത്തിച്ചതെങ്കിലും മൊഴി രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാന്‍ കോടതി അനുവദിച്ചില്ല.
വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങള്‍ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കണമെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിന് ദേശ്പാണ്ഡെയും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എങ്കിലും പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇയാള്‍ മജിസ്ട്രേറ്റിനു മുന്നിലും വിശദീകരിച്ചതായാണ് ആദ്യ സൂചന. മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലത്തുനിന്ന് ഇയാള്‍ പിന്നീട് കുഴിച്ചെടുത്ത ഏതാനും അസ്ഥികളും തെളിവായി കൈമാറി.
മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. സ്ഥലങ്ങളേതൊക്കെയാണെന്ന് മുന്‍കൂട്ടി വെളിപ്പെടുത്തിയാല്‍ ബന്ധപ്പെട്ടവര്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടങ്ങളില്‍ നിന്ന് മാറ്റാനിടയുണ്ടെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി.
അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങളുമായി പോലീസും അഭിഭാഷകരും മാധ്യമങ്ങളുമുള്‍പ്പെടെ വന്നാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഓരോ സ്ഥലങ്ങളും കാണിച്ചുനല്കാമെന്നാണ് ഇയാള്‍ പറയുന്നത്.
പല മൃതദേഹങ്ങളും സംസ്കരിച്ചത് താന്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ തന്റെ സൂപ്പര്വൈസര്ക്കുപോലും കൃത്യമായ സ്ഥലങ്ങള്‍ അറിയില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.ധര്മസ്ഥലയോടു ചേര്‍ന്ന് നേത്രാവതി നദിക്കരയില്‍ നീണ്ടുപരന്നുകിടക്കുന്ന വനപ്രദേശമുണ്ട്.
ഈ വനപ്രദേശത്തെ വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് ഏകദേശ സൂചന. ധര്‍മസ്ഥലയിലെ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ പദ്മലതയുടെയും സൗജന്യയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതും ഈ വനപ്രദേശത്തു നിന്നാണ്.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ കര്‍ണാടക സംസ്ഥാനത്തെയും തൊട്ടടുത്തു കിടക്കുന്ന കേരളത്തെയും ഞെട്ടിച്ചിട്ടും ധര്‍മസ്ഥലയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് ആ ഞെട്ടല്‍ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അവിടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന കാര്യം നേരത്തേ അറിയാവുന്നതാണെന്ന മട്ടിലാണ് നാട്ടുകാരിലേറെയും പ്രതികരിക്കുന്നത്. 2012ല്‍ നടന്ന സൗജന്യയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണമായത്.
Special News
രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല.
അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്.
അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്.
ഗ്രാമീണ വികസനം, കുടിവെള്ള വിതരണം, പാവപ്പെട്ടവര്‍ക്ക് ധനസഹായം, ബാങ്ക് വായ്പകള്‍, യക്ഷഗാനം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെയും ഗ്രാമീണ കരകൗശല വിദ്യകളുടെയും പ്രോത്സാഹനത്തിനായുള്ള പദ്ധതികള്‍, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങി ധര്‍മസ്ഥല ട്രസ്റ്റിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും കീര്‍ത്തികേട്ടതാണ്.
സ്കൂളുകള്‍ മുതല്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ്, ലോ കോളജുകള്‍ വരെയുള്ള 25 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നു.
ധര്‍മസ്ഥലയിലെ അന്നദാന ഹാളില്‍ ഓരോ ദിവസവും പതിനായിരത്തോളം പേര്‍ക്കാണ് സൗജന്യ ഭക്ഷണം നല്‍കുന്നത്. ഇവിടെയും ജാതിയോ മതമോ സാമ്പത്തികനിലയോ ഒന്നും പ്രസക്തമല്ല. ആരോഗ്യ മേഖലയിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
വിദൂര ഗ്രാമാന്തരങ്ങളിലെ സാധാരണക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന ആശുപത്രി, ആയുര്‍വേദ ആശുപത്രി, കണ്ണാശുപത്രി, ടിബി സാനിറ്റോറിയം, ദന്താശുപത്രി എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.
ഇങ്ങനെ പറഞ്ഞുതീരാത്ത വിശേഷങ്ങളുള്ള ഒരു സ്ഥലവും സംവിധാനങ്ങളുമാണ് ഇപ്പോള്‍ ഒരു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് വിവാദങ്ങള്‍ക്കു നടുവിലായിരിക്കുന്നത്.
ധര്‍മസ്ഥല ട്രസ്റ്റിനെതിരായി ആരോപണങ്ങളുയരുന്നത് ആദ്യമായിട്ടല്ല. ട്രസ്റ്റിനു കീഴിലുള്ള ഉജിരെ എസ്ഡിഎം (ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര) കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പദ്മലതയുടെ മരണവുമായി ബന്ധപ്പെട്ട് 1986ലാണ് ധര്‍മസ്ഥല ട്രസ്റ്റിന്റെ അപ്രമാദിത്വത്തിനെതിരേ ആദ്യമായി ശക്തമായ ചോദ്യങ്ങളുയരുന്നത്.
കോളജില്‍ നിന്ന് കാണാതായ പദ്മലതയെ നേത്രാവതി നദിക്കരയിലെ വനപ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, പോലീസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങി.
കേസ് എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. പദ്മലതയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിഎം കോളജിലെ വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങിയെങ്കിലും പരീക്ഷയെഴുതാന്‍ പോലും അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മുന്നില്‍നിന്നത് ഡോ. വീരേന്ദ്ര ഹെഗ്ഡെ തന്നെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ ട്രസ്റ്റ് അധികൃതര്‍ കോടതി ഉത്തരവ് പോലും നേടിയെടുത്തു.
ഇതോടെ പദ്മലത കേസുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുപോലും വിലക്ക് വന്നു. അത് ലംഘിച്ചുകൊണ്ട് വാര്‍ത്തകള്‍ നല്കാന് ധൈര്യം കാണിച്ചത് അമൃത എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായിരുന്ന ശങ്കര്‍ ഭട്ട് മാത്രമായിരുന്നു.
അതിന്റെ പേരില്‍ അദ്ദേഹം പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിനു മുമ്പ് 1977ല്‍ വേദവല്ലി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും ധര്‍മസ്ഥലയിലെ സംവിധാനങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. പദ്മലത കേസ് ഒതുക്കിത്തീര്ത്തതിനു ശേഷവും ഇടയ്ക്കിടെ പല പുതിയ ആരോപണങ്ങളും ഉയര്‍ന്നുവന്നു.
പക്ഷേ അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായും വലിയൊരു സ്ഥാപനത്തിനെതിരേ സ്വാഭാവികമായി ഉണ്ടാകുന്ന ശത്രുക്കളുടെ പ്രചാരണങ്ങളായും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍, 2012ല്‍ എസ്ഡിഎം കോളജിലെ പിയുസി (കേരളത്തിലെ പ്ലസ്ടു) വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം ധര്‍മസ്ഥലയെ മാത്രമല്ല, കര്‍ണാടക സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
ആ കേസിലെ യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കളത്തിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കുകയാണ്. കുറ്റമേറ്റ് അറസ്റ്റിലായ വ്യക്തിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിടുകയും ചെയ്തു. ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്.
ഇതിനു പിന്നാലെയാണ് 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണത്തൊഴിലാളി രംഗത്തെത്തിയത്.
ഇയാളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ധര്‍മസ്ഥലയും കര്‍ണാടക പോലീസും എരിതീക്കു നടുവിലായിരിക്കുകയാണ്. ദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാരുണ്ടെന്നും അവര്‍ എത്രയോ കാലങ്ങളായി ആര്‍ക്കും തൊടാനാകാത്ത ഉയരങ്ങളില്‍ വട്ടമിടുകയാണെന്നുമുള്ള അറിവ് സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്.